top of page

കത്തോലിക്കാ വൈദികരും ചില സദാചാര പ്രശ്നങ്ങളും

Writer's picture: Toms VargheseToms Varghese

ടോംസ് വർഗീസ്




കുറച്ച് വർഷങ്ങളായി കേരള കത്തോലിക്കാ സഭയ്ക്ക് ശനിദശയാണ്. വെറും ശനിയല്ല കണ്ടകശനി. ലൈംഗിക ആരോപണങ്ങൾ, ബാലപീഢനം, അധികാര ദുർവ്വിനിയോഗം, റിയൽ എസ്റ്റേറ്റ് ഇടപാടുകൾ എന്തിന് സർക്കാർ വക പുറമ്പോക്ക് ഭൂമി കൈയ്യേറ്റം ചെയ്തു മറിച്ചു വിൽക്കുക എന്നിങ്ങനെ അനവധി നിരവധി പ്രശ്നങ്ങൾ ഒതുക്കാനും മറയ്ക്കാനുമുള്ള പരിശ്രമത്തിന് ഒരു താങ്ങായി വന്നതാണ് കോവിഡ്. കാര്യം കുർബ്ബാനയും, ധ്യാനവും, പെരുന്നാളും ഉൾപ്പെടെ ഉള്ള പ്രവർത്തനങ്ങൾ നിലച്ചെങ്കിലും ഈ മഹാമാരിയിൽ നിന്നും രക്ഷനേടാനുള്ള തത്രപ്പാടിൽ വിശ്വാസികളും പൊതുസമൂഹവും തൽകാലം ഈ വിഷയങ്ങൾ മറന്നിരിക്കുക ആയിരുന്നു. അപ്പോൾ ഇതാ വന്നിരിക്കുന്നു പുതിയ വിവാദം. സഭയ്ക്ക് ഉൾകിടിലവും പൊതുജനത്തിന് ഉൾപുളകവും സമ്മാനിച്ച് ഇടുക്കി രൂപതയിലെ ഒരു വികാരി അച്ചനും ഇടവകയിലെ ഒരു വീട്ടമ്മയും തമ്മിൽ ഉള്ള ലൈംഗിക ബന്ധം ഫോട്ടോയും വിഡിയോയും ഉൾപ്പെടെ പുറത്ത് വന്നു. കോവിഡ് കാലത്തേ ഈ 'പ്രണയം' വീണ്ടും പല ചർച്ചകൾക്കും, വാദങ്ങൾക്കും, വിചാരണകൾക്കും കാരണമായി. ഇവയിൽ ചില അംശങ്ങൾ ഉൾപ്പെടുത്തുന്ന ഒരു വിശകലനം ആണിത്.

അവിഹിതമോ അവിശുദ്ധമോ?

മേല്പറഞ്ഞ വൈദികനും വിശ്വാസിയും തമ്മിലുണ്ടായിരുന്ന ബന്ധത്തെ അവിഹിതം എന്നാണ് പൊതുവിൽ വിശേഷിപ്പിക്കുന്നത്. പക്ഷെ ഈ നിർവ്വചനം സാങ്കേതികമായും, സുപ്രീം കോടതി വിധിപ്രകാരം ഇപ്പോൾ നിയമപരമായും ശരിയല്ല. പ്രായപൂർത്തിയായ രണ്ടുപേർ ഉഭയസമ്മതപ്രകാരം ബന്ധപെട്ടു എന്നത് വസ്തുത. ഇനിയാണ് ഇവിടെ വിവാദാസ്പദം ആകുന്ന കാര്യം. പുരോഹിതനും വിവാഹിതയും ആയ ഒരു സ്ത്രീയും തമ്മിലാണ് ഈ ബന്ധം. അത് പല തലങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒരു കാര്യമാണെങ്കിലും നിയമപരമായി ഇവർ കുറ്റക്കാരല്ല. അപ്പോൾ ചോദ്യം ഉയരും സഭാ നിയമങ്ങൾക്ക് വിരുദ്ധമല്ലേ ഈ പ്രവർത്തിയെന്ന്. ഇവിടെ കാര്യങ്ങൾ കുറച്ചു കൂടി കുഴയും. എന്നാലും ഒന്ന് വിശദീകരിക്കാം. ഇവിടെ സ്ത്രീയുടേത് അവിഹിത ബന്ധം ആണ്. പക്ഷെ അച്ചൻ നിയമപരമായി അവിഹിത ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല. പക്ഷെ അതെ സമയം കത്തോലിക്കാ മത വിശ്വാസം അനുസരിച്ച് അദ്ദേഹത്തിന്റേത് അവിശുദ്ധ ബന്ധമാണ് എന്ന് നിസ്സംശയം പറയാം. ഇവിടെ മറ്റൊരു പ്രധാന പ്രശ്നം ഉടലെടുക്കും. ബ്രഹ്മചര്യം അനുഷ്ഠിക്കേണ്ട ഒരു വൈദികൻ ലൈംഗിക ബന്ധം പുലർത്തുന്നത് പാപമല്ലേ എന്ന്? ഇവർ തന്നെ നിരന്തരം നൽകുന്ന സാരോപദേശവും സഭയുടെ അടിസ്ഥാന തത്വങ്ങളും പാപ പുണ്യങ്ങളുടെ നിർവ്വചനകൾ അനുസരിച്ചും അത് പാപം ആണ്. എങ്കിലും ഇതിലും ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനം സെക്കുലർ ക്ലർജി അഥവാ ഇടവക വൈദികർ ബ്രഹ്മചര്യ വൃതം എടുക്കുന്നില്ല എന്നത് തന്നെ.

ഞെട്ടിയോ? പക്ഷെ അതാണ് വാസ്തവം.

ഇടവക വൈദികരും ബ്രഹ്മചര്യവും

ഒരു കത്തോലിക്കാ കുടുംബത്തിൽ ജനിച്ചു വളർന്ന് വർഷങ്ങളോളം ഉത്തമ കത്തോലിക്കനായി ജീവിക്കുകയും പിന്നീടുള്ള വായനയുടെയും ചിന്തകളുടെയും അനുഭവങ്ങളുടെയും വെളിച്ചത്തിൽ മത വിശ്വാസത്തിൽ നിന്നും വിട്ടു നിൽക്കുന്ന ഒരാളായിട്ട് കൂടിയും സഭാനിയമങ്ങളുടെ പഴുതുകളെക്കുറിച്ച് ഞാൻ അഞ്ജൻ ആയിരുന്നു എന്ന് മനസ്സിലാക്കുവാൻ ഈ പുതുവിവാദം സഹായകമായി. ഒരു സുഹൃത്തിനോട് രണ്ടു ദിവസം തുടർച്ചയായി തർക്കിക്കുകയും കാനോനിക നിയമങ്ങൾ ആസ്പദമാക്കിയും കത്തോലിക്കാ സഭയിലെ വൈദികരെല്ലാം (ചില പ്രത്യേക സാഹചര്യങ്ങൾ ഒഴികെ) ബ്രഹ്മചര്യ വൃതം എടുക്കുന്നവർ ആണെന്ന് തർക്കിച്ചു.

പക്ഷെ തർക്കത്തിലും സംവാദത്തിലും പ്രസംഗത്തിലും സ്‌കൂൾ കോളേജ് തലത്തിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ എന്റെ കൂട്ടുകാരൻ തെളിവുകൾ നിരത്തിയപ്പോൾ എനിക്ക് ഉത്തരം മുട്ടി. എന്നാലും ഒരു അവസാന ശ്രമം എന്ന നിലയിൽ ഒരു മുതിർന്ന സന്യസ്ത വൈദികനെ വിളിച്ചു സംശയം ആരാഞ്ഞു. അതോടെ എല്ലാം വ്യക്തമായി.

കത്തോലിക്കാ സഭയിൽ വൈദികർ രണ്ടു വിഭാഗം ആണ് - സന്യസ്തരും പിന്നെ സെക്കുലർ വൈദികർ അഥവാ ഇടവക വൈദികർ. സന്യസ്ത സമൂഹങ്ങളിൽ ചേരുന്നവർ വൈദിക പട്ടം സ്വീകരിക്കുമ്പോൾ ദാരിദ്ര്യം അനുസരണം എന്നീ വൃതങ്ങൾ എടുക്കുന്നതിനോടൊപ്പം ബ്രഹ്മചര്യവൃതവും എടുക്കണം. അത് അവർ ദൈവത്തോട് ചെയ്യുന്ന ഉടമ്പടിയാണ്. അതിന് എതിരായി പ്രവർത്തിച്ചാൽ അവരെ സന്യസ്ത സഭയിൽ നിന്നും പുറത്താക്കും. കന്യാസ്ത്രീകൾക്കും ഇത് ബാധകമാണ്.

അതെ സമയം രൂപതയുടെ സേവനത്തിനായി വൈദിക പട്ടം സ്വീകരിക്കുന്നവർ ബ്രഹ്മചര്യ വൃതമോ ദാരിദ്ര്യവൃതമോ എടുക്കുന്നില്ല. പട്ടം സ്വീകരിക്കുമ്പോൾ അവർ വിശുദ്ധ ജീവിതം നയിക്കാൻ ശ്രമിക്കും എന്ന വാക്ക് നൽകുന്നു. അത് ദൈവത്തിനല്ല ബിഷപ്പിന് നൽകുന്ന ഒരു ഉറപ്പ് മാത്രം. ഇടവക വൈദികർക്ക് സ്വത്ത് സമ്പാദിക്കുവാൻ അവകാശം ഉണ്ട്. അവർ ഇനി ലൈംഗിക ബന്ധത്തിൽ ഏർപെട്ടാലും അവരുടെ വൈദിക പട്ടം നഷ്ടപ്പെടുന്നില്ല. സഭാ നിയമം അനുസരിച്ച് ബിഷപ്പിന് അതിന് അധികാരമില്ല. അതാണ് വിവാദങ്ങളിൽ പെടുന്ന അച്ചന്മാരെ സ്ഥലം മാറ്റി പ്രശ്നങ്ങൾ ഒതുക്കുവാൻ ശ്രമിക്കുന്നത്.

ഇവിടെ ഈ ബ്രഹ്മചര്യവുമായി ചേർത്ത് ചിന്തിക്കേണ്ട ചില വിഷയങ്ങൾ കൂടിയുണ്ട്. എടുത്തു പറയേണ്ടത് കത്തോലിക്കാ സഭയുടെ ഭരണ സംവിധാനത്തെക്കുറിച്ചാണ്. മറ്റു പല മതപുരോഹിതരുടെ കാര്യത്തിൽ കാണപ്പെടുന്ന പോലെ വെറും ആത്മീയ സാരോപദേശങ്ങളിൽ ഒതുങ്ങി നിൽക്കുന്നതല്ല കത്തോലിക്കാ പുരോഹിതരുടെ ജീവിതം. ലോകത്തു മുഴുവൻ വ്യാപിച്ചു കിടക്കുന്ന ഏതൊരു രാജ്യസംവിധാനത്തോടും അല്ലെങ്കിൽ കോർപ്പറേറ്റ്സംവിധാനങ്ങളോടും കിടപിടിക്കുവാൻ കെല്പുള്ള ഒരു ഭരണസംവിധാനം കൂടിയാണിത്. കൃത്യമായ വരുമാന സ്രോതസുള്ള, വളരെ കൃത്യമായ റിപ്പോർട്ടിങ് സംവിധാനങ്ങൾ ക്രമപ്പെടുത്തി ഭരണം നിർവ്വഹിക്കുന്ന ഒരു പ്രസ്ഥാനമാണ് കത്തോലിക്കാ സഭ. ലോകത്തു തന്നെ പല മേഖലകളിലും സഭ അതിനിർണ്ണായക സ്ഥാനം വഹിക്കുന്നതും ഈ സംവിധാനങ്ങളുടെ പിൻബലത്തിൽ ആണ്. ഭരണ സംവിധാനത്തിന് ഒരുദാഹരണം പറഞ്ഞാൽ, ഒരു പള്ളി വികാരിയും വില്ലജ് ഓഫീസറും ഏകദേശം ഒരു പോലെയാണ്. റെവന്യൂ കളക്ഷൻ കൂടാതെ റെവന്യൂ ജനറേഷൻ കൂടി ഒരു പള്ളിവികാരിയുടെ ഉത്തരവാദിത്തത്തിൽ പെടും എന്ന് മാത്രം. സർക്കാർ സംവിധാനത്തിലെ പ്രൊമോഷൻ സംവിധാനം സഭയിലും ഉണ്ട്. വില്ലജ് ഓഫീസർ പ്രൊമോഷൻ ആയി തഹസീൽദാർ ആകുന്നപോലെ വികാരി മോൺസിങ്യോർ, മെത്രാൻ എന്നീ പദവികളിൽ എത്താം.

ഇടവക വൈദികർ അവിവാഹിതരായി തുടരുന്നത് അവരുടെ കാര്യക്ഷമത കൂട്ടും എന്നത് വസ്തുതയാണ്. വിവാഹിതരായാൽ ഭാര്യയുടെ ആവശ്യങ്ങൾ നിറവേറ്റുക, മക്കളെ പഠിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങളിലേക്കു ഇവരുടെ ശ്രദ്ധ തിരിയുന്നത് സഭയുടെ ഭരണ നിർവഹണത്തിനും സാമ്പത്തിക വളർച്ചയ്ക്കും വിഘാതമാകും എന്ന കാരണം കൊണ്ടാണ് കത്തോലിക്കാ പുരോഹിതർക്ക് വിവാഹം നിഷിദ്ധമാകുന്നത്. ഇത്തരം വൈദികരിൽ വലിയൊരു വിഭാഗം സഭയ്ക്കും സമൂഹത്തിനും ചെയ്തിട്ടുള്ള സേവനങ്ങളും വലുതാണ് എന്നതിനെ വിസ്മരിക്കുന്നില്ല. അതുകൊണ്ടു തന്നെ എന്തെങ്കിലും അബദ്ധങ്ങൾ ഉണ്ടായാൽ തന്നെ അവരെ വലിയ തട്ടുകേടുകൾ ഇല്ലാതെ സംരക്ഷിക്കുക എന്നതാണ് സഭയുടെ ഒരു രീതി എന്നുവേണം കരുതാൻ. ബ്രഹ്മചര്യം ഒരു വൃതമായി എടുക്കാത്ത ചില ഇടവക വൈദകരുടെ ലൈംഗികവീഴ്ചകളെ സഭ സംരക്ഷിക്കുന്നതിന്റെ പിന്നിൽ മതപരമായ നിയമങ്ങൾ മാത്രമല്ല സാമ്പത്തികമായ കാരണങ്ങൾ കൂടിയുണ്ട് എന്ന് ഇതിൽ നിന്നും മനസിലാക്കാം.

തെറ്റും ശരിയും അതുക്കും മേലെ ചില കാര്യങ്ങളും

കുഞ്ഞാടുകളെ ആശയടക്കവും ലൈംഗിക വിശുദ്ധിയും കുടുംബബന്ധങ്ങളുടെ പവിത്രതയും വിവാഹ ജീവിതത്തിന്റെ പരിശുദ്ധിയും പഠിപ്പിക്കുന്ന ദൈവത്തിന്റെ പ്രതിപുരുഷന്മാർ ഇങ്ങനെ പ്രവർത്തിക്കുമ്പോൾ അത് വിശ്വാസികൾക്കിടയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. പക്ഷെ അതിലും ഗുരുതരമാണ് ഇത്തരം പ്രശ്നങ്ങളെ മൂടി വെക്കുവാനും ആരോപണങ്ങൾ വഴിതിരിച്ചുവിടാനും സഭ നടത്തി വരുന്ന ശ്രമങ്ങൾ. ഇടുക്കിയിലെ വൈദികൻ പ്രായപൂർത്തിയായ ഒരു സ്ത്രീയുമായി ബന്ധപ്പെട്ടത് വിശ്വാസികളെ സംബന്ധിച്ചും അദ്ദേഹം പ്രതിനിധീകരിക്കുന്ന സഭയുടെ പ്രഖ്യാപിത തത്വങ്ങൾക്കും എതിരാണെങ്കിലും രാജ്യത്തിൻറെ നിയമത്തിനെതിരല്ല. എന്നാൽ ബാല പീഡനവും, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി ബന്ധം പുലർത്തുന്നതും രാജ്യ നിയമങ്ങൾക്കും, സഭാ നിയമങ്ങൾക്കും മനുഷ്യത്വത്തിനും എതിരാണ്. പക്ഷെ ഇത്തരത്തിലുള്ള അനേകം വൈദികരെ സംരക്ഷിക്കുകയും അങ്ങേയറ്റം ധാർഷ്ട്യത്തോട് കൂടി പുരോഹിതഗണത്തിന്റെ പരമാധികാരം ഉപയോഗിച്ച് പ്രശ്നങ്ങൾ പണമോ ഭീഷണിയോ ഉപയോഗിച്ച് ഒതുക്കുകയാണ് സഭ ചെയ്യുന്നത്. ഇത് വിശ്വാസത്തിനും വിശ്വാസികൾക്കും എതിരെ ഉള്ള കുറ്റം മാത്രം അല്ല പാപം കൂടിയാണ്.

എളിമ എല്ലാവർക്കും ഒരേ പോലെ വേണ്ട ഒരു ഗുണമാണ്. അത് പ്രഘോഷിക്കുന്നവർക്ക് പ്രവർത്തിയിൽ അത് കാണിച്ചു കൊടുക്കുവാനുള്ള ഉത്തരവാദിത്തം ഉണ്ട്. തങ്ങൾക്ക് സംഭവിച്ച തെറ്റുകൾ സഭാവിശ്വാസികളോട് ഏറ്റു പറഞ്ഞു മാതൃക കാണിക്കുവാൻ 'ദൈവത്തിന്റെ പ്രതിപുരുഷന്മാർക്ക്' ധാർമ്മിക ഉത്തരവാദിത്തം ഉണ്ട്. ഇനി അത് സാധിക്കില്ല എന്നാണെകിൽ പള്ളിയിലും പൊതുസമൂഹത്തിലും ധാർമ്മിക മൂല്യങ്ങൾ പ്രസംഗിക്കുവാനോ പഠിപ്പിക്കുവാനോ പോകരുത്. ഇരട്ടത്താപ്പിനും ഒരതിരുണ്ട്.

(ഈ ലേഖനം എഴുതാൻ സഹകരിച്ച പ്രിയ സുഹൃത്ത് അനീഷ് പി ജോസഫിന് നന്ദി)

41 views1 comment

Recent Posts

See All

1 Comment


anishparackalin
Jun 04, 2020

Well written...

Like

©2020 by The Word Factory. Proudly created with Wix.com

bottom of page