top of page

കഥ : വസന്തം മുതൽ വസന്തം വരെ.

  • anishparackalin
  • Jul 1, 2020
  • 2 min read

അനീഷ് പാറയ്ക്കൽ




വസന്തമാണെങ്കിലും ചുറ്റും ചുട്ടു പൊള്ളുന്നപോലെ...  അയല്പക്കത്തെ ബാൽക്കണിയിൽ വിരിഞ്ഞു നിൽക്കുന്ന പൂക്കളൊക്കെ പിച്ചാത്തി പോലെ കൂർത്ത അഗ്രങ്ങൾ ഉള്ളവയാണ്. ഇതെന്താ ഇങ്ങനെ...ഇത്ര ദിവസവും, പ്രണയത്തിന്റെ ഭ്രാന്തിൽ ഇതൊക്കെ ഞാൻ കാണാതെ പോയതാണോ. അകത്തു കയറി കണ്ണാടിയിൽ ഒന്നുകൂടെ നോക്കി ഇതു ഞാൻ തന്നെയെന്ന് ഒന്നുറപ്പിച്ചു. കലങ്ങിയ കണ്ണുകളും വീർത്ത കൺതടങ്ങളും...  തിണിർത്ത വലത്തെ കവിളും...  അവൻ ഇടങ്കയ്യനാണെന്നു ഇന്നലെയാണോ ഞാൻ ആദ്യമായി ശ്രദ്ധിക്കുന്നത്...  കഴിഞ്ഞ ഒരു മാസത്തിൽ എന്തൊക്കെയാണ് നടക്കുന്നത്. തെറ്റും ശരിയും നോക്കാതെ ഞാൻ എന്തൊക്കെയാണ് ചെയ്തത്. ആകെ ഒരു മരവിപ്പ് ഓർമ്മയിലും ശരീരത്തിലും പടരുന്നുണ്ടെന്നു എനിക്ക് തോന്നി. 


ഞാൻ പ്രണയിച്ചത് അവനെ തന്നെയോ എന്ന ചോദ്യം കുറെ ദിവസങ്ങളായി എന്നേ അലട്ടുകയാണ്. അവന്റെ സ്വഭാവത്തെയോ രൂപത്തെയോ ഞാൻ പ്രണയിച്ചോ?.. അതോ എന്റെ  പ്രണയം അങ്ങനെ ഒഴുകി പോയതിനിടയിൽ അവൻ കയറി വന്നതാണോ...  അല്ലെങ്കിൽ വിവാഹിതനായ ഒരാളോട് തോന്നിയ പ്രണയം എങ്ങനെയാണ് സാക്ഷാത്കരിക്കാൻ എനിക്ക് തോന്നിയത്. ശെരിതെറ്റുകൾക്കു അപ്പുറമാണ് പ്രണയമെന്ന എന്റെ വിശ്വാസം ശെരിയല്ല എന്നുണ്ടോ?...  മതത്തിന്റെ അതിർവരമ്പുകൾ പോലും വ്യംഗ്യമായി എന്നേ വേദനിപ്പിച്ചു തുടങ്ങിയോ...  അല്ലെങ്കിലും അതൊക്കെ ഞാൻ എപ്പോഴേ ഉപേക്ഷിച്ചതാണ്. എല്ലാ പ്രതിസന്ധികളെയും മറികടന്നത് എന്റെ പ്രണയം സത്യമായിരുന്നു എന്ന തോന്നലിലല്ലേ... അവർക്കൊപ്പം ഞാനാണ് വന്നു ചേർന്നത് എന്ന തിരിച്ചറിവ് എത്ര ശൂന്യതയിലേക്കാണ് എന്നേ കൊണ്ടെത്തിച്ചിരിക്കുന്നത്...  ഈ മുറിയിലോക്കെ ആരാണ് അസമയത്ത്  ഞെരിപ്പോടുകൾ കത്തിച്ചു വച്ചിരിക്കുന്നത്?...  കണ്ണുകൾ നീറിപുകഞ്ഞു അകത്തേക്കൊഴുകി, അതു ഹൃദയധമനികളെ വീർപ്പുമുട്ടിച്ചു...  ഞാനെന്റെ കൈകളിലേക്ക് നോക്കി..  ശെരിയാണ് കരി പുരണ്ടിരിക്കുന്നു...  മെല്ലെ കുളിമുറിയിലേക്ക് പോയി ആദ്യം സോപ്പെടുത്തു കൈകൾ കഴുകി...  പിന്നെയാണ് കയ്യിലിരിക്കുന്ന കത്തിയുടെ മൂർച്ച ഞാൻ ശ്രദ്ധിക്കുന്നത്...  വന്ന വഴി അറുത്തെറിഞ്ഞ വേദന രോമകൂപങ്ങളിൽ വിയർപ്പായി മാറി. കത്തി മെല്ലെ കൈതണ്ടയിലമർത്തുമ്പോൾ രക്തമെന്റെ കൈപ്പത്തിയിൽ മൈലാഞ്ചി ഇട്ടുതന്നു... എന്റെ സ്വപ്നങ്ങളിൽ അവനിട്ടുതന്നിരുന്ന അതേ താജ്മഹൽ  രൂപം... മെല്ലെ ഞാനെന്റെ കണ്ണുകൾ അടച്ചു... വീട് വിട്ടുപോന്ന ആ പുലർച്ചയിൽ,  ബസിലിരുന്നു കണ്ട അതെ സ്വപ്നം. ഒരു ആഘോഷ രാവിന്റെ ഇളം നിലാവിൽ  പൂമ്പാറ്റയെ പോലെ ഞാൻ പറന്നു ചെന്നു അവന്റെ തോളിൽ ചായുന്ന സുന്ദര സ്വപ്നം...  പക്ഷെ ചില ആക്രോശങ്ങൾ ആ സ്വപ്നത്തെ ശല്യപ്പെടുത്തി ചെവികളിൽ മുഴങ്ങി കൊണ്ടിരുന്നു... അതിനിടയിൽ ചങ്ങല രാകി മുറിക്കുന്ന ശബ്ദം. അതങ്ങനെ കൂടി കൂടി ചെവിയിൽനിന്നും ആക്രോശത്തെ ചവിട്ടി പുറത്തക്കുന്നതു എനിക്ക് മനസ്സിലാകുന്നുണ്ട്... ബാൽക്കണിയിൽ നിൽക്കുമ്പോൾ തന്നെ സമയം സന്ധ്യ കഴിഞ്ഞിരുന്നു... ഇപ്പോൾ രാത്രിയാണ്...  



പിന്നീട് എന്റെ കണ്ണുകൾ തുറന്നത് കുറേ വിലാപങ്ങൾക്കു നടുവിലേക്കാണ്...  എത്ര സമയം വേണ്ടിവന്നു അവ അവസാനിക്കാൻ എന്നു എനിക്ക് തന്നെ തിട്ടമില്ല. അവരുടെമുഖം ഞാൻ നോക്കിയില്ല. നോക്കേണ്ടി വന്നില്ല എന്നതാണ് സത്യം. വ്യാകുലപ്പെടുന്ന മനസുകൾ അതിനായി സൃഷ്ടിക്കപ്പെട്ടതാണെന്നു എനിക്ക് തോന്നി. അപ്പോഴൊക്കെ ഞാൻ വിഷാദത്തിന്റെ മഞ്ഞു പിടിച്ച താഴവരകളിലൂടെ നടക്കുകയായിരുന്നു... എനിക്കറിയാം ഈ മഞ്ഞു മലകൾ ഇറങ്ങി തഴവാരങ്ങളിലൂടെ ഓടിയാൽ എനിക്ക് വിശാലമായ കടലോരം വരെ ഓടാനാവുമെന്നു. എനിക്കേറ്ഷ്ടറേ ഇഷ്ടമുള്ള കടലോരം. ഒറ്റക്കും കൂട്ടമായും ഉല്ലാസഉത്സാഹത്തോടെ ആളുകൾ നടക്കുന്ന ഇടം. ഓരോ ചുവടും വിജയത്തിന്റേതാണെന്ന തിരിച്ചറിവ് പകർന്ന ഊർജ്ജത്തിൽ കാലടികൾക്കു ശക്തിയും വേഗതയും വർദ്ധിച്ചു. കയ്യടിക്കുന്ന ആയിരങ്ങളെ നോക്കി ഞാൻ ചുംബനങ്ങൾ വാരിയെറിഞ്ഞു. എന്റെ മന്ദഹാസം പ്രണയമായി ഒഴുകി ഒരായിരം ഹൃദയങ്ങളെ പുളകിതമാക്കി. എന്റെ രക്തം വാർന്നൊഴുകിയ പഴയ തടവറിൽ മറ്റാരുടെയോ വിയർപ്പിന്റെ അടക്കം പറച്ചിലുകൾ ഉയരുന്നുണ്ടോ എന്നു കേൾക്കാൻ കുറേ ദേശാടന പക്ഷികളെ ചട്ടംകെട്ടി ഞാൻ പറഞ്ഞു വിട്ടു. കാരണം അതന്വേഷിക്കാനും പകരം ചോദിക്കാനും  എനിക്ക് ഒഴിവുണ്ടായിരുന്നില്ല. 



എന്നിലെ വസന്തത്തെ ഞാൻ പിടിച്ചു കെട്ടി നിർത്തി. അതങ്ങനെ പൂത്തും സുഗന്ധം പരത്തിയും ഒരുപാട് പേരെ ആകർഷിച്ചു കൊണ്ടേയിരുന്നു. 

അനീഷ് പാറയ്ക്കൽ.

 
 
 

Comments


©2020 by The Word Factory. Proudly created with Wix.com

bottom of page