പുനർജ്ജന്മം
- Toms Varghese
- Jun 28, 2020
- 1 min read
അനീഷ് പി ജോസഫ് എഴുതിയ ഒരു ചെറു ചെറുകഥ
വസന്തം അപ്രതീക്ഷിതമായി പുകയുടെ ദിനരാത്രങ്ങൾ സൃഷ്‌ടിച്ചു കൊണ്ടിരുന്നു. എങ്ങും നെരിപ്പോടുകൾ എരിഞ്ഞു പുകഞ്ഞു. കണ്ണുകൾ നിറഞ്ഞകത്തേക്കൊഴുകി ഹൃദയഞരമ്പുകളെ വീർപ്പുമുട്ടിച്ചു. വന്നവഴി വെട്ടിമുറിച്ച വേദനയിൽ രക്തം കൈപ്പത്തിയിൽ മൈലാഞ്ചിയിട്ടു. ആക്രോശങ്ങളുടെ പെരുമ്പറ .ആഘോഷ രാവിന്റെ ഇളനിലാവിലേക്കു മെല്ലെ അടഞ്ഞുപോയ കൺപോളകൾ അളക്കാനാവാത്തദൂരം തുഴഞ്ഞു തുറന്നത് നിലവിളിയുടെ നടുവിലേക്കാണ്.
ചോര വാർന്ന തടവറയിൽ പലതരം വിയർപ്പുകളുടെ അടക്കം പറച്ചിലുകൾ കേൾക്കുന്നുണ്ടോ എന്നു പിന്നീടൊരിക്കലും അവൾ അന്വേഷിച്ചില്ല. വിഷാദത്തിന്റെ മഞ്ഞുതാഴ്വര അവൾ എപ്പോഴേ നടന്നു തീർത്തിരുന്നു. പരിചിതമല്ലാത്ത പുതിയ വഴികൾ വിജയത്തിന്റേതാണെന്ന തിരിച്ചറിവ് വീണ്ടും ഊർജ്ജമായി നിറഞ്ഞു...

(മൾട്ടി-നാഷണൽ കമ്പനിയിലെ ഉയർന്ന പദവിയുടെ ഭാരിച്ച ഉത്തവാദിത്തങ്ങൾക്കിടയിൽ തന്നെ താനാക്കിയ അക്ഷരങ്ങളെയും വാക് സമ്പത്തിനെയും മറക്കാത്തയാളാണ് ലേഖകൻ)
Comments